
കിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടുതുടുത്ത-
പെണ്ണിന്‍ കവിളിലെ അരുണിമ കടമെടുത്തുകോണ്ട്
അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാതകൃതികള്‍-
എന്നും പുലര്‍ച്ചെ എന്നെ ഉണര്‍ത്തുന്നു
കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി-
പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു
ഓളം വെട്ടിയോഴുകുന്ന പുഴയില്‍ -
ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍
ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ട ബാല്യം പോലെ
അതിങ്ങനെ ഒഴുകി അകലുന്നു
കൂമ്പി നിന്ന താമരകള്‍ തന്റെ പ്രിയനെ കാണാന്‍-
പതുക്കെ മിഴി തുറന്നു
കായല്‍ കാറ്റേറ്റ് ചാഞ്ഞ തെങ്ങോലയില്‍-
കൂടു കൂട്ടാന്‍ വെമ്പുന്ന കുരുവികള്‍
മലയാളി പെണ്ണിന്‍ മനസ്സു പോലെ-
തട്ടിത്തടഞ്ഞ് ചിലപ്പോള്‍ പറ്റിച്ചേര്‍ന്ന്
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടികള്‍
ഊറിക്കൂടിയ പുലര്‍മഞ്ഞ് തുള്ളിയില്‍ -
മുഖം നോക്കി മിനുക്കുന്ന സൂര്യന്‍
വാഴകയ്യില്‍ വന്നിരുന്ന് ഒളികണ്ണിട്ടു നോക്കി-
വിരുന്നു വിളിക്കുന്ന കാക്കച്ചി
വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവുകള്‍ തോറും-
മൂളിപ്പാട്ടുമായി പാറി നടക്കും വണ്ടുകള്‍
കോട മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി-
കുളികഴിഞ്ഞു പട്ടുടുത്ത സുന്ദരിയെപ്പോലെ
ഹാ..!! എത്ര സുന്ദരമാണീ പുലരികള്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍-
ഈ ഭൂവില്‍ വന്നു പിറക്കാന്‍ മോഹം
നറു പുലരികള്‍ നുകരുവാന്‍ മോഹം